Spread the love

‘കൂദാശ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവില്വാമല സ്വദേശി റിയാസ് വ്യാജ പരാതിയാണ് നൽകിയതെന്ന് നടൻ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

“ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ ഒ.എം.ആർ പ്രൊഡക്ഷൻസ് 2017 ൽ നിർമ്മിച്ച് റിലീസ് ചെയ്ത ‘കൂദാശ’ എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിലും താമസവും ഭക്ഷണവും എല്ലാം എന്‍റെ റിസോർട്ടിലുമായിരുന്നു. ആ സമയത്ത്, നിർമ്മാതാക്കൾ റിസോർട്ടിന്‍റെ അക്കൗണ്ട് വഴി ഷൂട്ടിംഗ് ചെലവുകൾക്കായി പണം അയച്ചു. അവരുടെ അഭ്യർത്ഥന പ്രകാരം ഷൂട്ടിംഗ് ചെലവുകൾക്കായി 80 ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് അയച്ചത്. സിനിമ ഒരു പരാജയമായിരുന്നു, ഞാൻ അഭിനയത്തിനായി ശമ്പളമൊന്നും വാങ്ങിയില്ല. താമസവും ഭക്ഷണച്ചെലവും നൽകിയില്ല, എല്ലാം റിലീസിന് ശേഷം ആണെന്ന് പറഞ്ഞു. നാട്ടിൽ ചില പൊലീസ് കേസുള്ളതിനാൽ നിർമ്മാതാക്കൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നപ്പോൾ അത് എന്‍റെ പ്രൊഡക്ഷൻ കമ്പനിയായ വിബി ക്രിയേഷൻസ് വഴി റിലീസ് ചെയ്യുകയും കേരളത്തിൽ ഫ്ലെക്സ് ബോർഡ് നിർമ്മിക്കാൻ ഞാൻ ഏകദേശം 18 ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിൽക്കാൻ നിർമ്മാതാക്കളുടെ ആവശ്യപ്രകാരം ഞാൻ വളരെയധികം ശ്രമിച്ചു. പക്ഷേ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണിയായി മാറിയപ്പോൾ ഞാൻ ആലുവ എസ്പി ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും നൽകി. പലവട്ടം വിളിച്ചിട്ടും നിർമ്മാതാക്കൾ പോലീസ് സ്റ്റേഷനിൽ വന്നില്ല.

സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ വിശദാംശങ്ങൾ കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ്. അതിനെതിരെ ഞാൻ കോടതിയെ സമീപിക്കും”, ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

By newsten