കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് കുഞ്ഞില മാസിലാമണിയുടെ ‘അസംഘടിതർ’ എന്ന ചിത്രം ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. പുതിയ സിനിമകൾക്ക് അവസരം നൽകാനാണ് കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതെന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.
“പ്രതിഷേധത്തെ ജനാധിപത്യ രീതിയിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ അസംഘടിതർ എന്ന ചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കില്ല. വിധു വിൻസെന്റിന്റെ പ്രതിഷേധത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു,” ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ തന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ സംവിധായിക കുഞ്ഞില മാസിലാമണി രംഗത്തെത്തിയിരുന്നു. മേള ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സ്റ്റേജിൽ ഇരുന്ന് പ്രതിഷേധിച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് സംവിധായിക വിധു വിൻസെന്റ് ഞായറാഴ്ച പ്രദർശിപ്പിക്കാനിരുന്ന ‘വൈറൽ സെബി’ എന്ന ചിത്രം ചലച്ചിത്ര മേളയിൽ നിന്ന് പിൻ വലിച്ചു.