ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022’ എന്ന പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയ്ക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ അംഗീകാരം.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകൾ മാഗസിൻ ഉയർത്തിക്കാട്ടി. ദോഹയിലേക്കുള്ള തടസ്സമില്ലാത്ത യാത്രയ്ക്കായി നാല് ജിസിസി എയർലൈനുകളുടെ പങ്കാളിത്തത്തോടെയുള്ള ഷട്ടിൽ ഫ്ലൈറ്റുകളും നിരവധി ഹോട്ടലുകളും സന്ദർശകർക്കുള്ള താമസ സൗകര്യങ്ങളും മാഗസിൻ ഉയർത്തിക്കാട്ടി.
സ്പോര്‍ട്സിന് വേണ്ടി മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന മേഖലയിലെ ആദ്യത്തെ മ്യൂസിയമായ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്റ് സ്പോര്‍ട്സ് മ്യൂസിയം, ലാന്‍ഡ് മാര്‍ക്കായ ഇസ്ലാമിക ആര്‍ട്ട് മ്യൂസിയ എന്നിവയെക്കുറിച്ചും മാഗസിന് പരാമര്‍ശിച്ചു. ദോഹയ്ക്ക് പുറമെ റാസ് അൽ ഖൈമയാണ് പട്ടികയിലെ മറ്റൊരു ഗൾഫ് മേഖല.