മേഘാലയ : മേഘാലയയിലെ ‘ഷില്ലോങ് ബുഷ് ഫ്രോഗ്’ എന്ന ചെറിയ തവളയെ ആറ് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നതായി ഗവേഷകർ. നഖങ്ങളുടെ വലുപ്പം മാത്രമുള്ള ഇവ വെള്ളയ്ക്ക് പുറമേ ചാരനിറം, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഭാസ്കർ സൈകിയ, ഇലോന ഖാര്‍ഖോങ്കോര്‍ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
വലിപ്പത്തിൽ മാത്രമല്ല, മൊത്തത്തിൽ ഇവ മറ്റ് തവളകളിൽ നിന്ന് വ്യത്യസ്തമാണ്. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ മിനിയേച്ചർ രൂപമായിരിക്കും. അതിനർത്ഥം വാല്‍മാക്രികളാകില്ല എന്നാണ്. ഷില്ലോങ്ങിലും ഈസ്റ്റ് ഖാസി ഹിൽസിന്‍റെ ഉയർന്ന പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.
ഈ പരിണാമപരമായ പ്രത്യേകത കാരണം, മുട്ട വിരിയാൻ വെള്ളം ആവശ്യമില്ല. മലിനീകരണവും കാട്ടുതീയും ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഐ.യു.സി.എൻ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.