അമേരിക്ക: അമേരിക്കയിൽ പലയിടത്തും പച്ചനിറത്തിൽ ആകാശം പ്രത്യക്ഷപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കി. തെക്കൻ ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് പ്രധാനമായും വിചിത്രമായി പച്ചയായത്. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു സംസ്ഥാനമാണിത്. നെബ്രാസ്ക, മിനസോട്ട, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളിൽ ദൃശ്യമായി. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി, ഇത് കൗതുകകരവും രസകരവുമായ ചർച്ചകൾക്ക് കാരണമായി.
തെക്കൻ ഡക്കോട്ടയിൽ വീശിയടിച്ച ഡെറെക്കോ എന്ന വലിയ കൊടുങ്കാറ്റാണ് ഇതിന് കാരണമായത്. മണിക്കൂറിൽ 159 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 400 കിലോമീറ്ററിലധികം നാശനഷ്ടമുണ്ടായി. തെക്കൻ ഡക്കോട്ടയിലെ സിയൂക്സ് ഫാൾസ് എന്ന പട്ടണത്തിൽ കാറ്റ് ആഞ്ഞുവീശുന്നതിനു മുൻപായാണ് ആകാശം പച്ചനിറത്തിലായത്. അമേരിക്കൻ സമയം ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഒരേ ദിശയിൽ പോകുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന ഒരു കൊടുങ്കാറ്റിനെ ഡെറിക്കോ എന്ന് വിളിക്കുന്നു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഡെറെക്കോ കാണപ്പെടുന്നത്. സാധാരണയായി നീല നിറമുള്ള ആകാശം, കഠിനമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും മുമ്പ് നിറം മാറിയേക്കാം.
കടും ചുവപ്പ്, പർപ്പിൾ, ഇരുണ്ട നിറങ്ങൾ സാധാരണയായി ആകാശത്തിന് സംഭവിക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. എന്നാൽ ചില അന്തരീക്ഷ കണങ്ങൾ സൂര്യപ്രകാശവുമായി എങ്ങനെ പ്രവർത്തനം നടത്തുന്നു, അതിനെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാൽ ചിലപ്പോൾ ആകാശം പച്ചപോലെ വിചിത്ര നിറങ്ങൾ അണിയാറുണ്ട്. അത്തരമൊരു സംഭവവികാസമാണ് സൗത്ത് ഡക്കോട്ടയിൽ സംഭവിച്ചതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ആലിപ്പഴങ്ങൾ പൊഴിഞ്ഞുവീഴുന്നതിനു മുന്നോടിയായുള്ള സൂചനയുമാകാം ഹരിത വർണമുള്ള ആകാശമെന്ന് നാഷനൽ വെതർ സർവീസ് പറയുന്നു. എന്നാൽ ഇന്നലെ ആലിപ്പഴങ്ങൾ ഒന്നും പടിഞ്ഞാറൻ യുഎസ് മേഖലയിൽ വീണില്ല.