Spread the love

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങി. “‘നാട്ടിലേക്കു തിരികെ വരികയാണ്, എല്ലാവർക്കും നന്ദി’” താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ടീമിൽ മാത്രമാണ് ബിസിസിഐ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത്. ടീമിലുണ്ടായിരുന്നെങ്കിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തും. കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും ആദ്യ ടി20 ടീമിലില്ല. സഞ്ജുവിന് പുറമെ ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, വെങ്കിടേഷ് അയ്യർ, അർഷ്ദീപ് സിങ് എന്നിവരും ആദ്യ ടി20 മത്സരത്തിനുള്ള ടീമിലുണ്ട്.

ഡബ്ലിനിൽ അയർലൻഡിനെതിരായ രണ്ടാം ടി20യിലാണ് സഞ്ജു അർധസെഞ്ച്വറി നേടിയത്. സഞ്ജു 42 പന്തിൽ 77 റൺസ് നേടി. ഇംഗ്ലണ്ടിലെ ഡെർബിഷെയറിനെതിരായ സന്നാഹ മത്സരത്തിലും അദ്ദേഹം തിളങ്ങി. 38 റൺസാണ് അദ്ദേഹം നേടിയത്. നോർ‌ത്തന്റ്സിനെതിരായ മത്സരത്തിൽ അദ്ദേഹം പൂജ്യത്തിന് പുറത്തായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു ഇനി കളിക്കുക.

By newsten