കൊച്ചി: മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബർ. സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിലെ കുത്തനെയുള്ള വർദ്ധനവാണ് ഇതിന് കാരണം. ചിത്രം പരാജയപ്പെട്ടാലും പ്രതിഫലം വർദ്ധിപ്പിക്കുന്നു.ഇത് ഒരു നല്ല പ്രവണതയല്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞു. ഒരു വിഭാഗം ആളുകൾ മാത്രം പണം സമ്പാദിക്കുന്നത് ശരിയല്ലെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
സൂപ്പർ താരങ്ങൾ ക്ക് 5-15 കോടി രൂപയാണ് ലഭിക്കുന്നത്. നായികമാർ 50-1 കോടി. 75 ലക്ഷത്തിനും 3 കോടിക്കും ഇടയിലാണ് യുവതാരങ്ങൾ വാങ്ങുന്നത്. കൊവിഡിന് ശേഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. തീയറ്റർ ഉടമകളും വിതരണക്കാരും നിർമ്മാതാക്കളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടരാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
വലിയ താരങ്ങളുടെ സിനിമകൾക്ക് ഒടിടിയിൽ വലിയ തുക ലഭിച്ചേക്കാം. എന്നാൽ ചെറിയ സിനിമകൾക്ക് ഒടിടിയിൽ നിന്ന് വലിയ വരുമാനം ലഭിക്കുന്നില്ല. സമീപകാലത്ത് പുറത്തിറങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രതിഫലം കുറയ്ക്കുന്നതിനെക്കുറിച്ച് അഭിനേതാക്കൾ ഗൗരവമായി ചിന്തിച്ചില്ലെങ്കിൽ സിനിമാ വ്യവസായം തകരുമെന്ന് ഫിലിം ചേംബർ ഭാരവാഹികൾ പറയുന്നു.