മാതാപിതാക്കളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റെന്താണ്. തിരിച്ച് അവർക്കും അതുതന്നെയാണ് അവസ്ഥ. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയസ്പർശിയായ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ലാസ് വെഗാസിലാണ് സംഭവം.
നീണ്ട 27 വർഷത്തോളം ഇടവേളയെടുക്കാതെ ജോലി ചെയ്ത 54 കാരനായ കെവിൻ ഫോർഡിന്റെ കാര്യമാണ് പറയുന്നത്. ജീവനക്കാരന്‍റെ ആത്മാർത്ഥമായ പ്രകടനത്തിൽ ആകൃഷ്ടനായ കമ്പനി അദ്ദേഹത്തിന് സ്റ്റാർബക്ക് സിപ്പറും ചോക്ലേറ്റുകളും അടങ്ങിയ ഒരു ബോക്സും സമ്മാനിച്ചു. ഈ സമ്മാനത്തിന് അദ്ദേഹം കമ്പനിക്ക് നന്ദി പറയുകയും അതിനെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കുകയും ചെയ്തു.
എന്നാൽ കമ്പനി പിതാവിന് നൽകിയ സമ്മാനത്തിൽ മകൾ തൃപ്തയായിരുന്നില്ല. ഇതേക്കുറിച്ച് മകൾ സെറീന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വീഡിയോയിൽ കാണുന്നത് എന്‍റെ അച്ഛനാണെന്ന് സെറീന കുറിച്ചു. ഒരു ലീവ് പോലും എടുക്കാതെ 27 വർഷം ജോലി ചെയ്തു. ഇപ്പോഴും അതേ കമ്പനിയിൽ ജോലി ചെയ്യുന്നു.കാണാൻ ചെറുപ്പകാരനാണെങ്കിലും വിരമിയ്ക്കാനുള്ള പ്രായം ആകാറായി. ഇത്രയും വർഷം വളരെ ആത്മാർഥമായി തന്നെയാണ് അദ്ദേഹം പണിയെടുത്തത്. ആത്മാർഥ സേവനത്തിന് അദ്ദേഹത്തിന് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാം എന്നാണ് സെറീന കുറിച്ചത്..
മകൾ തന്നെ മുൻകയ്യെടുത്ത് അച്ഛന് വേണ്ടി സംഘടിപ്പിച്ച ഫണ്ട് റൈസിങ് പരിപാടിയിലൂടെ 1.5 കോടി രൂപ നൽകിയാണ് ആളുകൾ കെവിന് നൽകിയത്. നീണ്ട 27 വർഷം കെവിൻ കുടുംബത്തോടും കമ്പനിയോടും കാണിച്ച ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.