ലോകകപ്പ് സമയത്ത് ഖത്തറിന്റെ വ്യോമ പാതയിൽ തിരക്ക് വർദ്ധിക്കും. പ്രതിദിനം 1,600 വിമാനങ്ങളാണ് ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് വിമാനത്താവളങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വ്യോമപാതകളിലൊന്നാണ് ഖത്തർ. കൊവിഡിന് ശേഷം ഖത്തറിലേക്കും തിരിച്ചും പ്രതിദിനം 800 ഓളം വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ലോകകപ്പോടെ ഇത് ഇരട്ടിയാക്കുമെന്നും ഇതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ഖത്തർ എയർ നാവിഗേഷൻ ഡയറക്ടർ അറിയിച്ചു.
വിമാന പാർക്കിംഗ് ഏരിയ വികസിപ്പിക്കും. വിമാനത്താവളത്തിൽ വെർച്വൽ ടവറും സ്ഥാപിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ സൗകര്യം ഒരുക്കുന്നത്. മികച്ച സേവനം ഉറപ്പാക്കുന്നതിനായി കൂടുതൽ അത്യാധുനിക റഡാറുകൾ സ്ഥാപിക്കുമെന്ന് എയർ നാവിഗേഷൻ അതോറിറ്റി അറിയിച്ചു.