Spread the love

ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും ഷോകളുടെയും ഐഎംഡിബി പട്ടികയിൽ രണ്ടാം സ്ഥാനത്ത് മലയാള ചിത്രം കടുവ. പ്രമുഖ ഓൺലൈൻ ഡാറ്റാബേസായ ഐഎംഡിബിയുടെ റിയൽ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള പട്ടികയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് അണിയപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

ബോളിവുഡ് ചിത്രമായ ഏക് വില്ലൻ റിട്ടേൺസാണ് പട്ടികയിൽ ഒന്നാമത്. മൂന്നാമതായി, രൺബീർ കപൂറിന്റെ ‘ഷംഷേര’യും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയാണ് നാലാമത്. കന്നഡ ചിത്രം വിക്രാന്ത് റോണ അഞ്ചാം സ്ഥാനത്താണ്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 7ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.

By newsten