തിരുവനന്തപുരം: വിദേശത്തുള്ള മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയാവുന്നത് കൂടുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രയ്ക്ക് മുൻപ് മുമ്പ് തൊഴിലുടമയുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കണമെന്നും ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി മാത്രമേ വിദേശയാത്ര നടത്താവൂ എന്നും നോർക്ക റൂട്ട്സ് പറഞ്ഞു.
റിക്രൂട്ടിംഗ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിൻറെ www.emigrate.gov.in പരിശോധിക്കാം. അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന സന്ദർശക വിസകളിലൂടെയുള്ള യാത്ര ഒഴിവാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുകയും വേണം. തൊഴിലുടമയിൽ നിന്ന് ഓഫർ ലെറ്റർ ലഭിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന ജോലി സ്വന്തം യോഗ്യതകൾക്കും കഴിവിനും അനുയോജ്യമാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പാക്കണമെന്ന് നോർക്ക റൂട്ട്സ് പറഞ്ഞു.
ശമ്പളം ഉൾപ്പെടെയുള്ള വേതന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന തൊഴിൽ കരാർ വായിക്കുകയും മനസ്സിലാക്കുകയും വേണം. വാഗ്ദാനം ചെയ്യുന്ന ജോലി വിസയിൽ കാണിക്കുന്നുവെന്ന് ഉറപ്പാക്കുക. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോർട്ട് ഉടമകൾ വിദേശ ജോലിക്ക് പോകുന്നതിൻ മുമ്പ് നോർക്കയുടെ പ്രീ-ഡിപ്പാർച്ചർ ഓറിയൻറേഷൻ ട്രെയിനിംഗ് പ്രോഗ്രാം പ്രയോജനപ്പെടുത്തണം.