യുഎഇ: ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ യുഎഇയിലെ എല്‍ജിബിടിക്യൂ വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസൾട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സ്വവർഗരതി ക്രിമിനൽ കുറ്റമായ ലോകത്തിലെ 69 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.
എൽജിബിടിക്യൂ കമ്മ്യൂണിറ്റി ആഗോളതലത്തിൽ ‘പ്രൈഡ് മാസം’ ആഘോഷിക്കുന്ന സമയത്താണ് ആമസോണിലെ ഈ നിയന്ത്രണം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
ആമസോൺ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിൻറെ ആവശ്യകത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആമസോൺ വക്താവ് പറഞ്ഞു. “ഒരു കമ്പനിയെന്ന നിലയിൽ, വൈവിധ്യം, സമത്വം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, എൽജിബിടിക്യുഎ പ്ലസ് ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.