ദോഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം അഭിമുഖീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അസി. വിദേശകാര്യ മന്ത്രിയുടെ കാര്യാലയത്തിൽ ഇൻറർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുന്ന സാലിം ജാബിർ അൽ ഹറമി പറഞ്ഞു. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു. പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഖത്തർ ആരംഭിച്ചിട്ടുണ്ട്, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ രാജ്യം വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.