കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുക്കുന്നതിനുള്ള പ്രവേശന ഫീസ് വർദ്ധിപ്പിച്ചു. പുതുക്കിയ പ്രവേശന ഫീസ് 205000 രൂപയാണ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന പ്രവേശന ഫീസ് ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഇരട്ടിയിലധികമാക്കി.
എഎംഎംഎയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. 120 അംഗങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതമാണ് കൈനീട്ടമായി നൽകുന്നത്. സ്വകാര്യ ചാനലുകളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കാനും നല്ല തിരക്കഥ കിട്ടിയാൽ സിനിമ നിർമ്മിക്കാനും യോഗത്തിൽ തീരുമാനമായി. വെബ് സീരീസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
‘അമ്മ’യ്ക്ക് ഇനി ആഭ്യന്തര പ്രശ്നപരിഹാര സമിതിയില്ല. പകരം ഫിലിം ചേംബറിൻ കീഴിൽ മുഴുവൻ സിനിമാ മേഖലയ്ക്കും വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.