കുവൈത്ത് സിറ്റി: അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കുവൈറ്റ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനം. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പാർലമെന്റും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചത്. കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ഹിസ് ഹൈനസ് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയാണ് രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് രാജ്യവുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഷെയ്ഖ് മിഷാൽ ദേശീയ ടെലിവിഷനിൽ സംസാരിച്ചു. കുവൈറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീറിന് അധികാരമുണ്ട്. രാജ്യത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ടാണ് പാർലമെൻറ് പിരിച്ചുവിടാൻ അമീർ തീരുമാനിച്ചതെന്നും വരും മാസങ്ങളിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.