രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യെസ് ബാങ്ക് ഉയർത്തി. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് ബാങ്ക് നിലവിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക് 3.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഏഴ് മുതൽ പതിനാലു ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും 15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനവും പലിശ ലഭിക്കും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.00 ശതമാനമായി തുടരും. 3 മാസം മുതൽ 6 മാസത്തിൽ താഴെ വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായി തുടരും. 6 മുതൽ 9 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകും. 9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.00 ശതമാനം പലിശ നൽകും.