കോഴിക്കോട്: തന്നെ പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നാണ് വിലക്കേർപ്പെടുത്തിയത്. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതിനാൽ പരിപാടി ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ലെന്ന സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എമ്മിനെ വിമർശിച്ചതാണ് നിരോധനത്തിന് പിന്നിലെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് നിരോധിച്ചുവെന്ന വാർത്തയെ തുടർന്ന് കറുത്ത മാസ്ക് ധരിച്ചുള്ള തൻറെ ചിത്രം അദ്ദേഹം പങ്കുവച്ചിരുന്നു. “രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണ്”, എന്ന കുറിപ്പോടെയായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഹരീഷിനെ വിമർശിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ രംഗത്തെത്തിയത്.