ചെന്നൈ: നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവൻറെയും വിവാഹം വീണ്ടും വിവാദത്തിൽ. വിവാഹത്തിനെതിരെ നൽകിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗീകരിച്ചു. ജൂൺ 9ന് ചെന്നൈയിലെ മഹാബലിപുരത്തെ ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിൻ്റെ നടത്തിപ്പ് സ്വകാര്യ ഇവൻറ് മാനേജ്മെൻറ് കമ്പനിയെ ഏൽപ്പിച്ചതിന് ശേഷം നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വേദിക്ക് ചുറ്റും വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാർകോഡ് സ്കാൻ ചെയ്ത ശേഷം മാത്രമേ അതിഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു. കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും ഹോട്ടലിന് പുറത്തുള്ള റോഡിൽ പോലും അനുവദിച്ചിരുന്നില്ല. സ്റ്റാർ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത് മുൻപ് വാർത്തയായിരുന്നു. നയന്‍താര വിഘ്നേഷ് വിവാഹം മൂലം പൊതുജനത്തിന്‍റെ സഞ്ചാരം പോലും മുടങ്ങിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകൻ ശരവണനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്.