കൊച്ചി: നടൻ ഹരീഷ് പേരടി താര സംഘടന അമ്മയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചതായി പ്രഖ്യാപിച്ചു. ജൂൺ 15ന് ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്റെ രാജി സ്വീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായി ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. രാജി സ്വീകരിച്ച സംഘടനയോട് നന്ദിയുണ്ടെന്ന് ഹരീഷ് പേരടി അറിയിച്ചു.
നടൻ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് അമ്മ കർശന നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഹരീഷ് പേരടി ആദ്യം രാജി സന്നദ്ധത അറിയിച്ചിരുന്നു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു. രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെയ് നാലിനാണ് ഹരീഷ് പേരടി അമ്മയ്ക്ക് കത്ത് നൽകിയിരുന്നത്.
രാജി സ്വീകരിക്കണമെന്നും പ്രാഥമിക അംഗത്വത്തിനായി നൽകിയ ഒരു ലക്ഷം രൂപ തിരികെ തരേണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു. ‘എ എം എം എയുടെ പ്രിയപ്പെട്ട പ്രസിഡൻ്റ്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന എ എം എം എ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്.