ബ്രിസ്ബെയ്ന്‍: കാഴ്ച പരിമിതിയുള്ളവരുടെ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്മാൻ സ്റ്റീഫൻ നീറോ ലോകറെക്കോർഡ് സ്ഥാപിച്ചു. ബ്ലൈന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് സ്റ്റീഫന്റെ പേരിലാണിപ്പോൾ. ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് അദ്ദേഹം അപൂർവ നേട്ടം കൈവരിച്ചത്.
1998ലെ ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാന്റെ മസൂദ് ജാൻ സ്ഥാപിച്ച റെക്കോർഡാണ് സ്റ്റീഫൻ തകർത്തത്. മസൂദ് ഖാന്റെ 262 റൺസാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. ക്രിക്കറ്റ് റെക്കോർഡ്സ് ബുക്കിനൊപ്പം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും അദ്ദേഹത്തിന്റെ സ്കോർ ഇടം പിടിക്കും.
ന്യൂസിലാന്റിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പരയിലാണ് അവിസ്മരണീയമായ ബാറ്റിംഗ്. 140 പന്തിൽ 309 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. 49 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് അദ്ദേഹം റെക്കോർഡിട്ടത്.