Spread the love

ദക്ഷിണകൊറിയ: ദക്ഷിണ കൊറിയൻ മ്യൂസിക് ബോയ് ബാൻഡ് ബിടിഎസ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമാണ്. കെ-പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര നിലവാരത്തിൽ ഉയർന്നുവരുന്ന ആദ്യത്തെ ബാൻഡാണിത്. ബിടിഎസ് സംഗീത ലോകത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നുവെന്ന് ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. ക്രൂ അംഗങ്ങളിൽ ഓരോരുത്തരും സ്വതന്ത്ര സംഗീത കരിയർ ആരംഭിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാൻഡ് രൂപീകരണത്തിന്റെ 9 വർഷം പൂർത്തിയായതിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിന് ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. ഓരോരുത്തരുടേയും കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും ജീവിതത്തിൽ ഒരു പുതിയ ദിശ കണ്ടെത്താനും ഒരു താൽക്കാലിക ഇടവേള എടുക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു. ഓരോ ബാൻഡ് അംഗങ്ങളും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ തന്നെ ലോകത്തിന് മുന്നിലെത്തുമെന്നും ബാൻഡ് പറഞ്ഞു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടീമിന്റെ അടുത്ത ആൽബത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ വാർത്ത അംഗീകരിക്കാനാകുന്നില്ല.

എന്നാൽ, സൈനിക സേവനത്തിന് പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന കിംവദന്തികൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രായപൂർത്തിയായ പുരുഷൻമാർ 28 വയസ്സാകുമ്പോഴേക്കും കുറഞ്ഞത് 18 മാസമെങ്കിലും സൈന്യത്തിൽ നിർബന്ധമായും സേവനമനുഷ്ഠിക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം അനുശാസിക്കുന്നത്. ഇതെല്ലാം ഒരുമിച്ച് വായിക്കുമ്പോൾ ബിടിഎസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

By newsten