ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ റെയിൽ പറഞ്ഞു.
പ്രധാന പരിപാടികളിലും ഈദുൽ അദ്ഹ ദിവസങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാൻ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തർ റെയിൽ ട്വിറ്ററിലൂടെ അറിയിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള 12 സ്ഥലങ്ങളിൽ പാർക്ക്, റൈഡ് സൗകര്യങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഒരു സമയം 18,500 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം.
ഈ മാസം 13, 14 തീയതികളിൽ നടക്കുന്ന ഇൻറർകോണ്ടിനെൻറൽ പ്ലേ ഓഫിൻറെ ഭാഗമായി പാർക്ക് ആൻഡ് റൈഡ് സൗകര്യം ഉപയോഗിക്കാൻ ഖത്തർ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും പെറുവും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരങ്ങൾ റയാനിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിലാണ് നടക്കുക. ആകെയുള്ള 12 പാർക്ക്, റൈഡ് സൗകര്യങ്ങളിൽ നാലെണ്ണത്തിൻ വിപുലമായ പാർക്കിംഗ് സൗകര്യങ്ങളുണ്ട്. അൽ വക്ര, എജ്യുക്കേഷൻ സിറ്റി, ലുസൈൽ, അൽ ഖസ്ർ മെട്രോ സ്റ്റേഷനുകളുമായി സഹകരിച്ചാണ് ഖത്തർ റെയിൽ സ്ഥാപിച്ചത്.