ഡൽഹി: ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിൻമാറി. നാളെ നടക്കാനിരിക്കുന്ന ലേലത്തിൽ നിന്നാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം റിലയൻസ് ഗ്രൂപ്പും സ്റ്റാർ ഇന്ത്യയും തമ്മിലാകും. ജിയോയും ഹോട്ട്സ്റ്റാറും ഡിജിറ്റൽ അവകാശങ്ങൾക്കായി പോരാടും.
സംപ്രേഷണാവകാശത്തിനായി കമ്പനികൾ ചെലവഴിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 32,890 കോടി രൂപയാണ്. അവകാശങ്ങൾ നാലു ബണ്ടിലുകളായി നൽകും. ഒ.ടി.ടി, ടെലിവിഷൻ പ്രക്ഷേപണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ നാലു ബണ്ടിലുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബണ്ടിലും ഒരു കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും.
ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഒരോ മത്സരത്തിനും 49 കോടി രൂപ വച്ച് 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി ചെലവഴിക്കേണ്ടത്. ഡിജിറ്റൽ പ്രക്ഷേപണ അവകാശത്തിനായി ഒരു മത്സരത്തി 33 കോടി രൂപ വെച്ച് 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിക്ക് 18 മത്സരങ്ങളാണുള്ളത്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ നൈറ്റ് മത്സരങ്ങൾ എന്നിവയ്ക്കുള്ള മൊത്തം തുക 1440 കോടി രൂപയാണ്. ഒ.ടി.ടി.ക്ക് മാത്രമേ ഇത് ലഭ്യമാകൂ. ലോകത്തിലെ മറ്റെവിടെയെങ്കിലും പ്രക്ഷേപണം ചെയ്യാനുള്ള അവകാശം ബണ്ടിൽ ഡിക്കുണ്ട്. ഇതിനായി ഒരു മത്സരത്തിന് മൂന്ന് കോടി രൂപ വെച്ച് 1110 കോടി രൂപ ചെലവഴിക്കണം. ഇന്ത്യയ്ക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്ക് മാത്രമായിരിക്കും ഇത് നൽകുക.