ദുബായ്: പറക്കും ടാക്സികളുടെ ‘ടേക്ക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുകയാണ്. 2026 ആകുമ്പോഴേക്കും 35 ടാക്സികൾ അറ്റ്ലാന്റിസിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിംഗുമായി യുഎഇയുടെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങളോടെ യു.എ.ഇ ലോകത്തിന്റെ മുൻനിരയിലേക്ക് നീങ്ങുകയാണെന്ന് ഫാൽക്കൺ സിഇഒ രമൺദീപ് ഒബ്റോയ് പറഞ്ഞു. പ്രമുഖ കമ്പനികൾ കൂടുതൽ പറക്കുന്ന കാറുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. സ്മാർട്ട് പദ്ധതികളുടെ പരീക്ഷണ വേദിയായിരുന്ന എക്സ്പോയുടെ വൻ വിജയത്തോടെയാണ് മാറ്റങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ചത്.
ഗതാഗത മേഖലയെ പൂർണമായും സ്മാർട്ട് ആക്കാനുള്ള പഞ്ചവത്സര പദ്ധതി പുരോഗമിക്കുകയാണ്. 13 അടി ഉയരത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ചെറിയ പതിപ്പിന്റെ വൻ വിജയത്തോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ ലണ്ടൻ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പായ ബെൽവെതർ ഇൻഡസ്ട്രീസ് ശ്രമിക്കുന്നു. വലിയ ചിറകുകളോ റോട്ടറുകളോ ഇല്ല എന്നതാണ് പ്രത്യേകത.