ജിദ്ദ: ഹജ്ജ് തീർത്ഥാടകർക്ക് അനുവദിച്ച കോവിഡ് വാക്സിനുകളുടെ എണ്ണം പത്തായി. ഇവയുടെ പേരും ഡോസുകളുടെ എണ്ണവും സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജിന് എത്തുന്ന തീർത്ഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധനയെ തുടർന്ന് ‘ദൈവത്തിൻറെ അതിഥികളുടെ ആരോഗ്യം’ എന്ന പേരിൽ അംഗീകൃത വാക്സിനുകളുടെ പേരും ഡോസുകളുടെ എണ്ണവും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ വിശദീകരിക്കുന്നു.
ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ സൗദി അറേബ്യയിലേക്ക് വരുന്നവർക്കുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർ 65 വയസ്സിന് താഴെയുള്ളവരായിരിക്കണം, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്കൊപ്പം അടിസ്ഥാന വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം, രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് (പിസിആർ) സമർപ്പിക്കണം.