പാരിസ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന് ഇന്ന് 36-ാം പിറന്നാൾ. എന്നാൽ കോർട്ടിലെ പ്രകടനം നോക്കുമ്പോൾ, നദാലിന്റെ പ്രായം പിന്നോട്ട് നീങ്ങുന്നതായി തോന്നുന്നു. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച റാഫേൽ നദാൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിന്റെ സെമി ഫൈനൽ വെല്ലുവിളിയെ നേരിടും. കളിമൺ കോർട്ടിലെ രാജകുമാരനായ നദാലിനെ മറികടക്കാൻ സ്വരേവിന് ഇന്ന് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഫ്രഞ്ച് ഓപ്പണിൽ നദാലിനെ തോൽപ്പിക്കുന്ന മൂന്നാമത്തെ കളിക്കാരനാകാനാണ് സ്വരേവ് ലക്ഷ്യമിടുന്നത്. ക്രൊയേഷ്യയുടെ മാരിൻ സിലിച്ച്, നോർവേയുടെ കാസ്പർ റൂഡ് എന്നിവർ തമ്മിലാണ് രണ്ടാം സെമി ഫൈനൽ. വൈകിട്ട് 6.15 മുതലാണ് മത്സരങ്ങൾ നടക്കുക. തത്സമയം സോണി ടെൻ ചാനലുകളിൽ.
നദാലും സ്വരേവും ഇതുവരെ നേരിട്ട ഒമ്പത് മത്സരങ്ങളിൽ ആറിലും നദാൽ വിജയിച്ചു. എന്നാൽ അവസാന നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ജയിച്ച സ്വെരേവിന്റെ റെക്കോർഡ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.