ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അഡ്വർടൈസ്മെന്റ് ഗൈഡിന്റെ രണ്ടാം പതിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
ഖത്തർ നാഷണൽ വിഷൻ ഡോക്യുമെന്റ് 2030 പ്രകാരം മന്ത്രാലയം നടപ്പാക്കുന്ന തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്. സ്ഥിരമായി സ്ഥാപിക്കപ്പെട്ടവ, എടുത്തുമാറ്റാവുന്നവ, പരമ്പരാഗത, ഇ-സൈൻ ബോർഡുകൾ, സ്ഥിരമോ താൽക്കാലികമോ ആയ പരസ്യങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും നടപടിക്രമങ്ങളും ഗൈഡിൽ അടങ്ങിയിരിക്കുന്നു.
പരസ്യങ്ങൾക്കുള്ള ലൈസൻസുകൾ റദ്ദാക്കൽ-പുതുക്കൽ, പുതിയവ നൽകൽ തുടങ്ങിയ ഇ-അഡ്വർടൈസിംഗ് ലൈസൻസിംഗുമായി ബന്ധപ്പെട്ട രേഖകളും ഗൈഡിൽ പരാമർശിക്കുന്നുണ്ട്. അതേസമയം, പത്രങ്ങൾ, മാസികകൾ, ജേണലുകൾ, വെബ് സൈറ്റുകൾ, റേഡിയോ, ടെലിവിഷനുകൾ, സിനിമാ സ്ക്രീനുകൾ എന്നിവയിലെ പരസ്യം സംബന്ധിച്ച വ്യവസ്ഥകൾ ഗൈഡ് പരാമർശിക്കുന്നില്ല.