നെടുമങ്ങാട്: വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകൾ ഉൾപ്പെടെ മനുഷ്യവാസകേന്ദ്രങ്ങളിൽ എത്തുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക.
ആനകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവ ഭക്ഷണം തേടി വീട്ടിലേക്ക് പോകുന്നത് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. വേനൽക്കാലത്ത് ഉൾക്കാടുകളിൽ ജലലഭ്യത ഉറപ്പാക്കാൻ ചെക്ക് ഡാമുകൾ നിർമ്മിക്കും.
ഇതിനായി 640 കോടി രൂപയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ നട്ട തേക്ക്, അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ പ്രകൃതിക്ക് ഹാനികരവും വൻയജീവികളുടെ തീറ്റയ്ക്ക് അനുയോജ്യവുമല്ല. ഇവിടെ വളരുന്ന മരങ്ങൾ മുറിച്ചുമാറ്റി ഫലവൃക്ഷത്തൈകൾ നടാനും തീരുമാനിച്ചിട്ടുണ്ട്.