ലെസ്ബിയൻ കാമുകിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയ ആദില നസ്രിൻറെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവ് മുപ്പതടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജിയെ തുടർന്ന് ഹൈക്കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി. ബന്ധുക്കൾ കൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിയോടൊപ്പം വിട്ടയച്ചു.
ആലുവ സ്വദേശിയായ ആദില നസ്രീൻ സൗദി അറേബ്യയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് താമരശ്ശേരി സ്വദേശിയുമായി പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞപ്പോൾ അവർ എതിർത്തു. കേരളത്തിൽ എത്തിയ ശേഷവും പ്രണയം തുടർന്നു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയും കോഴിക്കോട്ടെ ഷെൽട്ടർ ഹോമിൽ താമസിക്കുകയും ചെയ്തു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് ഇടപെട്ടത്. പിന്നീട് ആദിലയുടെ മാതാപിതാക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് ഫാത്തിമ നൂറയെ ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയത്.