ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നാളെ മുതൽ അബുദബിയിൽ പ്രാബല്യത്തിൽ വരുന്നതാണ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തെ എമിറേറ്റിലെ എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളും പിന്തുണച്ചിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉപേക്ഷിക്കപ്പെട്ട കപ്പുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് കത്തികൾ എന്നിവയുൾപ്പെടെ 16 തരം ഉൽപ്പന്നങ്ങൾ 2024 ഓടെ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.എ.ഡി കഴിഞ്ഞ വർഷം മാർച്ചിൽ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യപടിയായി പ്ലാസ്റ്റിക് കവറുകൾ പൂർണമായും നിരോധിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ചണ സഞ്ചികൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ, ന്യൂസ് പേപ്പർ ബാഗുകൾ, പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകൾ എന്നിവയും ലഭ്യമാണ്. ഇതിനുപുറമെ, പലരും തുണിസഞ്ചികൾക്ക് പ്രാധാന്യം നൽകുന്നു.
രാജ്യത്തുടനീളമുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ എമിറേറ്റിലും നടപടികൾ ആരംഭിച്ചത്. ജൂലൈ മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായും നിരോധിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണിത്.