Spread the love

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരാജയം ഭയന്നാണ് യു.ഡി.എഫ് നുണപ്രചാരണവുമായി ഇറങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയിൽ യു.ഡി.എഫ് നടത്തിയതേന്നും തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കടുത്ത തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തൽ. അന്ന് എൽ.ഡി.എഫിലെ പല വോട്ടർമാരും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഉപതിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് നടന്ന് നാലു മണിക്കൂറിനുള്ളിൽ പോളിംഗ് 30 ശതമാനം കടന്നു. തൃക്കാക്കര മണ്ഡലം ഇത്തവണ എൽ.ഡി.എഫിന് അനുകൂലമാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. “തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം മുതൽ എനിക്ക് തോന്നിയ ആത്മവിശ്വാസം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പോളിംഗ് ശതമാനവും ഉയരും.” ജോ ജോസഫ് പറഞ്ഞു.

By newsten