അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. നിലവിൽ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയ്ക്കെതിരായ ആറാം ഘട്ട ഉപരോധത്തെക്കുറിച്ച് യൂറോപ്യൻ യൂണിയൻ (ഇയു) ചർച്ചകൾ നടക്കുന്നതിനിടെയാണ് ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ നിരോധനം സംബന്ധിച്ച് ധാരണയിലെത്തുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ എണ്ണ വില തിങ്കളാഴ്ച 11 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യോഗത്തിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഉണ്ടായാൽ അത് ക്രൂഡ് ഓയിൽ വിപണിയെ സാരമായി ബാധിക്കും.
വേനൽക്കാലത്തിൻ മുന്നോടിയായി യുഎസിലും യൂറോപ്പിലും പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ ആവശ്യം ഉയരുന്നതിനാൽ ക്രൂഡ് ഓയിൽ വിപണി ഇതിനകം സമ്മർദ്ദത്തിലാണ്. യൂറോപ്യൻ യൂണിയൻ ചർച്ചകളിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വിപണി കൂടുതൽ പ്രതിസന്ധിയിലാകും.