Spread the love

കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ക്ലാസ് മുറി മണക്കാട് ടി.ടി.ഐയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂൻയമായ ലോ ഫ്ലോർ ബസുകൾ കെ.എസ്.ആർ.ടി.സി സ്കൂളിന് നൽകി.

മണക്കാട് ടി.ടി.ഐക്ക് രണ്ട് ബസുകൾ അനുവദിച്ചു. താൽപ്പര്യമുള്ള എല്ലാ സ്കൂളുകൾക്കും ബസുകൾ ലഭ്യമാക്കുമെന്നാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ബസ് ക്ലാസ് മുറിയാക്കി മാറ്റുന്ന ആശയം മുന്നോട്ട് വച്ചത്. ഗതാഗത മന്ത്രി ആൻറണി രാജു സമ്മതം മൂളി. സർക്കാരിൻറെയും പി.ടി.എയുടെയും ഫണ്ട് ഉപയോഗിച്ച് മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബസ് നവീകരിച്ചത്. രണ്ടാമത്തെ ബസിൻറെ നവീകരണം പൂർത്തിയായിട്ടില്ല.

ബസിൻറെ ഉയരം വർദ്ധിപ്പിക്കുകയും മുകൾ നിലയിൽ വിനോദത്തിനായി സ്ഥലം നൽകുകയും ചെയ്തിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ബസിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. ബസ് സ്ഥിരം ക്ലാസ് മുറിയാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ടിവി കാണാനും പുസ്തകങ്ങൾ വായിക്കാനും വിനോദത്തിനും ഇത് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എസി, എൽഇഡി ടിവി എന്നിവയും ബസിലുണ്ട്. പുസ്തകങ്ങൾ വയ്ക്കാൻ പ്രത്യേകം അറകളുണ്ട്. ഇരിക്കാൻ ഒരു കസേരയും മേശയും തയ്യാറാക്കിയിട്ടുണ്ട്.

By newsten