അഫ്ഗാനിൽ ഇന്ത്യാവിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും അവർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകളും അഫ്ഗാനിലെ താലിബാൻ സർക്കാർ നിരന്തരം നിഷേധിക്കുന്നു എങ്കിലും തീവ്രവാദ നേതാക്കൾ താലിബാൻ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളായ ലഷ്കർ-ഇ-തൊയ്ബയുടെയും ജെയ്ഷ്-ഇ-മുഹമ്മദിൻറെയും പരിശീലന ക്യാമ്പ് അഫ്ഗാനിസ്ഥാനിൽ സജീവമാണെന്ന് യുഎൻ വാച്ച്ഡോഗ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ ജെയ്ഷെ മുഹമ്മദിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എട്ട് ഭീകര ക്യാമ്പുകളിൽ മൂന്നെണ്ണം താലിബാൻ സർക്കാരിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് നിരീക്ഷണ സംഘം വിശദീകരിച്ചു. യുഎൻ രക്ഷാസമിതിക്ക് മുമ്പാകെ മോണിറ്ററിംഗ് ടീം സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ലഷ്കർ-ഇ-തൊയ്ബ കുനാറിലും നംഗർഹാറിലും ഇത്തരത്തിലുള്ള മൂന്ന് ക്യാമ്പുകൾ നടത്തുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലേക്ക് പ്രത്യേക നിരീക്ഷണ സംഘത്തെ അയച്ച ശേഷം അവർ സമർപ്പിക്കുന്ന പതിമൂന്നാമത്തെ റിപ്പോർട്ടാണിത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതിൻ ശേഷം സമർപ്പിക്കുന്ന ആദ്യ റിപ്പോർട്ടാണിത്. അംഗരാജ്യങ്ങളുമായുള്ള ചർച്ചകളിലൂടെയാണ് റിപ്പോർട്ടിൻറെ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. നിലവിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് മോണിറ്ററിംഗ് ടീമിൻറെ ചെയർമാൻ.