കേരളത്തിൽ കാലവർഷം എത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു കേരള, ലക്ഷദ്വീപ് തീരങ്ങളിലും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനം നിരോധിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ജില്ലകളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂൺ ഒന്നിൻ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൺസൂൺ മൂന്ന് ദിവസം മുമ്പാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂൺ ഒന്നിൻ മുമ്പ് മൺസൂൺ എത്തുന്നത്.