Spread the love

ജമ്മു കശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണ് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായാണ് റിപ്പോർട്ട്. അമർനാഥ് തീർത്ഥാടനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഡ്രോണ്‍ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിക്ക് സമീപം ദുരൂഹസാഹചര്യത്തിലാണ് ഡ്രോൺ കണ്ടെത്തിയത്.

രാജ്ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഡ്രോൺ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് സംഘം വെടിയുതിർത്തു. തെരച്ചിലിൽ ഏഴ് സ്റ്റിക്കി ബോംബുകളും ഏഴ് അണ്ടർ ബാരൽ ഗ്രനേഡുകളും കണ്ടെത്തി. ചാർധാം തീർത്ഥാടകരുടെ ബസുകൾ ഭീകരർ ലക്ഷ്യമിട്ട് സ്റ്റിക്കി ബോംബുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡ്രോണുകളിൽ കണ്ടെത്തിയ പാക്കറ്റുകൾ മയക്കുമരുന്നായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൂഞ്ചിൽ കടത്തുകയായിരുന്ന 44 കിലോ മയക്കുമരുന്ന് സൈന്യവും പോലീസും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.

By newsten