കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുവദിച്ച കേരള സർക്കാർ തീരുമാനത്തെ വിമർശിച്ച മേനക ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വസ്തുതകൾ മനസിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമത്തിലെ സെക്ഷൻ 11 ബി പ്രകാരം നടപടിയെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. വന്യമൃഗങ്ങളെ ഉൻമൂലനം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനാണുള്ളത്. സംസ്ഥാന സർക്കാർ ഇത് ഗ്രാമപ്പഞ്ചായത്ത് മേധാവികൾക്ക് കൈമാറിയിരുന്നു. മനേക ഗാന്ധിക്ക് വസ്തുതകൾ മനസ്സിലാകുന്നില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ കേരള സർക്കാരിൻറെ തീരുമാനത്തെ മനേക ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. കേരള സർക്കാരിൻറെ തീരുമാനം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന വിമർശനം ഉയർന്നിരുന്നു. വനംവകുപ്പിൻറെ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവൻമാർക്ക് നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.