ആധാറിൻറെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ ആരുമായും പങ്കിടാൻ പാടില്ലെന്നുമാണ് പുതിയ നിർദ്ദേശം. ആധാറിൻറെ ഫോട്ടോകോപ്പി നൽകുന്നതിനുപകരം, ആധാർ നമ്പറിൻറെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ആധാർ ഉപയോഗിക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ലൈസൻസില്ലാത്ത ഹോട്ടലുകൾക്കും ഫിലിം ഹാളുകൾക്കും ആധാർ കാർഡിൻറെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല.
യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഉപയോക്തൃ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡൻറിറ്റി സ്ഥാപിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ. ആധാർ കാർഡുകൾ പങ്കിടുന്നതിൻ മുമ്പ് കമ്പനിക്ക് യുഐഡിഎഐയിൽ നിന്ന് സാധുതയുള്ള ഉപയോക്തൃ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.