പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ആലപ്പുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു ഇയാൾ. റാലിയിൽ പങ്കെടുത്തവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ സംഘാടകർ ഉത്തരവാദികളാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൻ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ നാലുപേരെ കൊച്ചിയിൽ നിന്നും ആലപ്പുഴയിൽ നിന്ന് ഒരാളെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് പള്ളുരുത്തി സ്വദേശിയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പള്ളുരുത്തിയിലെ തറവാട്ടുവീട്ടിൽ നിന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനുശേഷം കുട്ടിയും പിതാവും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ലെങ്കിലും വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തന്നെ ആരും മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോഴാണ് മുദ്രാവാക്യം പഠിച്ചതെന്നും ഉയർത്തിയ മുദ്രാവാക്യത്തിന്റെ അർത്ഥം അറിയില്ലെന്നും കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു.