2020-21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവ് ചെലവ് കണക്കുകളുടെ പട്ടികയിൽ ഡിഎംകെ ഒന്നാമതെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്സ് (എ.ഡി.ആർ) പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 150 കോടി രൂപയാണ് ഡിഎംകെയുടെ വരവ്. ചെലവ് 218 കോടി രൂപയാണ്.
2020-21 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയും ഡിഎംകെയാണ്. 2020 നെ അപേക്ഷിച്ച് ഡിഎംകെയുടെ അധിക വരുമാനം 85 കോടി രൂപയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസുമാണ് ഡിഎംകെയ്ക്ക് പിന്നിൽ.
2021 സാമ്പത്തിക വർഷത്തിൽ 31 പ്രാദേശിക പാർട്ടികളുടെ മൊത്തം വരുമാനം 529 കോടി രൂപയായിരുന്നു. ഇതിൽ 28 ശതമാനം വരുമാനവും ഡി.എം.കെയിൽ നിന്നാണ്. പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള വൈഎസ്ആർ കോണ്ഗ്രസ് മൊത്തം വരുമാനത്തിൻറെ 20 ശതമാനവും (108 കോടി രൂപ) ഒഡീഷ ആസ്ഥാനമായുള്ള ബിജു ജനതാദൾ (ബിജെഡി) 13 ശതമാനവും (73 കോടി രൂപ) ആണ്.