Spread the love

അർത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം ഉയർത്തിയ 10 വയസുകാരൻ. എൻആർസിയുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മുദ്രാവാക്യം കേട്ടിരുന്നുവെന്നും അത് മനപ്പാഠമാക്കിയതാണെന്നും കുട്ടി പറഞ്ഞു.

“ഞാൻ ആദ്യം വിളിച്ചത് ‘ആസാദി’ എന്നാണ്. അത് കഴിഞ്ഞപ്പോൾ ഞാൻ അത് ഓർത്തു. അപ്പോഴാണ് അത് വിളിച്ചത്. പിന്നെ പലരും എന്നെ തോളിലേറ്റി. ആരും വിളിക്കാൻ പറഞ്ഞില്ല. ഞാന്‍ സ്വയം വിളിച്ചതാണ്. മുദ്രാവാക്യം ആരും തന്നതല്ല. ഞാൻ എൻആർസി പ്രോഗ്രാമിൻ പോയപ്പോൾ, ധാരാളം ഇക്കാക്കകൾ അവിടെ വിളിക്കുന്നത് ഞാൻ കേട്ടു, അതിനാൽ അത് മനഃപാഠമാക്കി. ആ മുദ്രാവാക്യത്തിൻറെ അർത്ഥം എനിക്കറിയില്ല” കുട്ടി പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐപിസി സെക്ഷൻ 153 എയ്ക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കും. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പിതാവിനെ ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറും. വിദ്വേഷ പ്രസംഗം ഉന്നയിച്ച കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി കൗൺസിലിംഗിന് വിധേയമാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

By newsten