കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ശിക്ഷാ ഇളവ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഗവർണർ വിശദീകരണം തേടിയത്.
2018 ൽ തടവുകാരുടെ ശിക്ഷ ഇളവ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പിന്നീട് സർക്കാർ ഉത്തരവായി പുറത്തിറക്കി.
രാജ്യദ്രോഹക്കുറ്റം ചെയ്തവർ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തിയവർ, പോക്സോ കേസുകളിൽ ജയിലിൽ കഴിയുന്നവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ തടവുകാർ എന്നിവർക്ക് ശിക്ഷയിൽ ഇളവ് നൽകരുത്.