ലഡാക്കിൽ വാഹനം ഷ്യോക്ക് നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യ-ചൈന അതിർത്തിയിലെ തുർതുക്ക് സെക്ടറിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക്ക് നദിയിലേക്ക് മറിയുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വാഹനം റോഡിൽ നിന്ന് തെന്നിമാറി 50-60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. പരിക്കേറ്റ എല്ലാവർക്കും വൈദ്യസഹായം നൽകി വരികയാണ്. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചതായി വക്താവ് പറഞ്ഞു.