ഗോതമ്പിനും പഞ്ചസാരയ്ക്കും ശേഷം അരി കയറ്റുമതി നിയന്ത്രിക്കാനും ഇന്ത്യ ആലോചിക്കുന്നു. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കാനും വില ക്രമാതീതമായി ഉയരുന്നത് തടയാനുമാണ് ഇത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാൻയമുള്ള ഓരോ ഉൽപ്പന്നത്തിൻറെയും ലഭ്യതയും വിപണി വിലയും പ്രധാനമന്ത്രിയുടെ ഓഫീസിൻറെ (പിഎംഒ) നേതൃത്വത്തിലുള്ള പ്രത്യേക സമിതി പരിശോധിക്കുന്നുണ്ട്. ബസ്മതി ഇതര അരിയും അക്കൂട്ടത്തിലുണ്ട്. ഈ ഇനങ്ങളുടെ വില ക്രമാതീതമായി ഉയർന്നാൽ അടിയന്തര നടപടി സ്വീകരിക്കാനാണ് സമിതിയുടെ തീരുമാനം.
എന്തുവിലകൊടുത്തും പണപ്പെരുപ്പം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില ഉയരാൻ തുടങ്ങിയതോടെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. ഉത്സവ സീസണിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനാണ് പഞ്ചസാര കയറ്റുമതി നിയന്ത്രണം ഉദ്ദേശിക്കുന്നത്.
അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുൾപ്പെടെ അഞ്ച് ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പരിഗണനയിലാണെന്നാണ് വിവരം. ഇതിൽ ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2021-’22 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 150 ഓളം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്തു.