12 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിൻറെ ഭാഗമായി, ഇന്ന് 45,881 കുട്ടികൾക്ക് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 15-നും 17-നും ഇടയിൽ പ്രായമുള്ള 11,554 കുട്ടികൾക്കും 12-നും 14-നും ഇടയിൽ പ്രായമുള്ള 34,327 കുട്ടികൾക്കും വാക്സിൻ നൽകി. 15 നും 17 നും ഇടയിൽ പ്രായമുള്ള 5,054 കുട്ടികൾക്ക് ആദ്യ ഡോസും 6,500 പേർക്ക് രണ്ടാം ഡോസും ലഭിച്ചു.
12 നും 14 നും ഇടയിൽ പ്രായമുള്ള 27,486 കുട്ടികൾക്ക് ആദ്യ ഡോസും 6,841 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. മെയ് 28 വരെ വാക്സിനേഷൻ ഡ്രൈവ് തുടരും. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകണമെന്നും അതുവഴി കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്ക് അയയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആകെ 1263 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇന്ന് പ്രവർത്തനമാരംഭിച്ചത്.
12 വയസിൻ മുകളിലുള്ള കുട്ടികൾക്കായി 699 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസ്സിൻ മുകളിലുള്ളവർക്ക് 301 കേന്ദ്രങ്ങളും 18 വയസ്സിൻ മുകളിലുള്ളവർക്ക് 263 കേന്ദ്രങ്ങളും ഉണ്ടായിരുന്നു. 15-നും 17-നും ഇടയിൽ പ്രായമുള്ള 82 ശതമാനം കുട്ടികൾക്കും ആദ്യ ഡോസ് വാക്സിനും 53 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 12 നും 14 നും ഇടയിൽ പ്രായമുള്ള 44 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 12 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.