Spread the love

ശ്രീലങ്കയിൽ മെയ് ഒൻപതിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ചോദ്യം ചെയ്തു. ഏപ്രിൽ 9 മുതൽ പ്രധാനമന്ത്രിയുടെ ടെമ്പിൾ ട്രീയുടെ വസതിക്ക് സമീപം പ്രതിഷേധിക്കുന്ന ജനക്കൂട്ടവുമായി രാജപക്സെ അനുകൂലികൾ ആയുധധാരികളായി എത്തിയതാണ് കലാപത്തിലേക്ക് നയിച്ചതെന്ന ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മഹിന്ദ രാജപക്സെ, അദ്ദേഹത്തിൻറെ മകനും മന്ത്രിയുമായ നമൽ രജപക്സെ എന്നിവരുൾപ്പെടെ 18 പേരെ വിദേശയാത്രയിൽ നിന്ന് വിലക്കി. ഫോർട്ട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എന്നാൽ മഹീന്ദ രാജപക്സെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കോടതി ഉത്തരവ് പാലിച്ചില്ലെന്നാണ് സിഐഡിയുടെ കണ്ടെത്തൽ.

രജപക്സെയെ കൂടാതെ മുതിർന്ന ഡിഐജി ദേശ്ബന്ധു തെങ്കോണ്, കൊളംബോ മുനിസിപ്പൽ കൗണ്സിൽ അംഗം മഹിന്ദ കഹന്ദഗാമ എന്നിവർ തങ്ങളുടെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന് സമ്മതിച്ചു. എസ്എൽപിപി നേതാവും രാജപക്സെ മന്ത്രിസഭയിലെ അംഗവുമായ ജോൺസ്റ്റൺ ഫെർണാണ്ടോയാണ് പാസ്പോർട്ട് നശിപ്പിച്ചതായി സിഐഡിയെ അറിയിച്ചത്. എംപിമാരായ സനത് നിശാന്ത, പവിത്ര വണ്ണിയാർച്ചി, രോഹിത അബെഗുനവർധന, നമൽ രാജപക്സെ, കാഞ്ചന ജയരത്നെ എന്നിവരാണ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

By newsten