Spread the love

രാജ്യത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. ഡൽഹിയിൽ തക്കാളിയുടെ വില കിലോഗ്രാമിന് 60 മുതൽ 80 രൂപ വരെയാണ്. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ഇവയുടെ വില 100 രൂപ വരെ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ദേശീയ തലസ്ഥാനത്ത് ഒരു കിലോ നാരങ്ങയ്ക്ക് നിലവിൽ 200-250 രൂപയാണ് വില. രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലഭ്യത കുറഞ്ഞതിനാലാണ് തക്കാളിയുടെ വില ഉയർന്നതെന്ന് ഗാസിപൂർ മാണ്ഡിയിലെ വ്യാപാരികൾ പറയുന്നു. മഴക്കാലത്ത് പച്ചക്കറികളുടെ വില പൊതുവെ ഉയരുമെന്നും അവർ അഭിപ്രായപ്പെട്ടു. തക്കാളി, ചെറുനാരങ്ങ എന്നിവയ്ക്ക് പുറമെ മറ്റ് പച്ചക്കറികളുടെ വിലയും ഉയർന്നിട്ടുണ്ട്. കോളിഫ്ലവറിൻ 120 രൂപ, ഉരുളക്കിഴങ്ങിൻ 40 രൂപ, ഉള്ളിക്ക് 35-40 രൂപ, വഴുതനയ്ക്ക് 80 രൂപ, കാപ്സിക്കത്തിൻ 100-130 രൂപ, ചീരയ്ക്ക് 60 രൂപ, കാരറ്റിൻ 80 രൂപ എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. അതേസമയം, അവശ്യസാധനങ്ങളുടെ വില ഉയർന്നതിനാൽ വരുമാനം വർദ്ധിക്കുന്നില്ലെന്ന് പച്ചക്കറി വാങ്ങാനെത്തിയ ചിലർ പറഞ്ഞു. നേരത്തെ വാങ്ങിയിരുന്നതിനേക്കാൾ കുറച്ച് സാധനങ്ങൾ മാത്രമാണ് ഇപ്പോൾ വാങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2021 ഏപ്രിലിൽ പണപ്പെരുപ്പം 4.23 ശതമാനമായിരുന്നു. 2022 ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനമായി ഉയർന്നു. ഭക്ഷ്യ പണപ്പെരുപ്പം ഏപ്രിലിലെ 1.96 ശതമാനത്തിൽ നിന്ന് 8.38 ശതമാനമായി ഉയർന്നു. 2016-2019 സാമ്പത്തിക വർഷത്തിൽ ശരാശരി 4.1 ശതമാനത്തിൻ ശേഷം 2019 ഡിസംബറിൽ ആദ്യമായി റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിൻറെ ടോളറൻസ് ബാൻഡായ 6 ശതമാനത്തെ മറികടന്നതായി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് കുറിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് ഡിമാൻഡ് കുറഞ്ഞെങ്കിലും, വിതരണ ശൃംഖലയിലെ തടസ്സം കാരണം 2020 നവംബർ വരെ പ്രതിമാസ റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ തുടർന്നു.

By newsten