പശ്ചിമ ബംഗാൾ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഇതിനായി ഭേദഗതി വരുത്തും. ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും പുതിയ ചാൻസലർ.
പശ്ചിമ ബംഗാൾ മന്ത്രി ബ്രാത്യ ബസുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻഖറും തമ്മിലുള്ള തർക്കത്തിൻറെ തുടർച്ചയാണ് മന്ത്രിസഭാ തീരുമാനം. നിയമസഭാ സമ്മേളനം വിളിക്കാനുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ ശുപാർശ ഗവർണർ ജഗ്ദീപ് ധൻഖർ നേരത്തെ തള്ളിയിരുന്നു.
തമിഴ്നാട്ടിലും സർവകലാശാലകളിലെ അധികാരത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിൽ അധികാര വടംവലി നടന്നിരുന്നു. സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമാണം തമിഴ്നാട് സർക്കാർ പാസാക്കി. നേരത്തെ ഉദ്ധവ് താക്കറെ സർക്കാരും സമാനമായ നീക്കം മഹാരാഷ്ട്രയിൽ നടത്തിയിരുന്നു. ഗവർണറെ നീക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.