രാജ്യത്തെ റോഡപകടങ്ങൾ 2019നെ അപേക്ഷിച്ച് 2020ൽ ഗണ്യമായി കുറഞ്ഞു, മൊത്തം അപകടങ്ങളുടെ എണ്ണത്തിൽ ശരാശരി 18.46 ശതമാനം ഇടിവുണ്ടായി. മരണസംഖ്യ 12.84 ശതമാനമായി കുറഞ്ഞു. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് 2020ൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയ പ്രധാന സംസ്ഥാനങ്ങൾ.
പരിക്കേറ്റവരുടെ എണ്ണം മുൻ വർഷത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 22.84 ശതമാനം കുറഞ്ഞു. 2020 കലണ്ടർ വർഷത്തിൽ 3,66,138 റോഡപകടങ്ങളാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോർട്ട് ചെയ്തത്. 1,31,714 പേർ മരിക്കുകയും 3,48,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 ൽ 0.46 ശതമാനം നേരിയ വർദ്ധനവുണ്ടായതൊഴിച്ചാൽ 2016 മുതൽ റോഡപകടങ്ങളുടെ എണ്ണം കുറയുകയാണെന്ന് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻറെ ട്രാൻസ്പോർട്ട് റിസർച്ച് വിങ് (ടിആർഡബ്ൽയു) തയ്യാറാക്കിയ ‘റോഡ് ആക്സിഡൻറ്സ് ഇൻ ഇന്ത്യ – 2020’ റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ രണ്ടാം വർഷവും 2020 ൽ റോഡപകട മരണങ്ങളുടെ എണ്ണം കുറഞ്ഞു. 2015 മുതൽ പരിക്കേറ്റവരുടെ എണ്ണവും കുറഞ്ഞുവരികയാണ്.