ചെൽസിയെ വാങ്ങാനുള്ള ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമങ്ങൾക്ക് യുകെ സർക്കാർ അംഗീകാരം നൽകി. ഏകദേശം 4.25 ബില്യൺ പൗണ്ടിനാണ് ടോഡ് ബോഹ്ലിയും സംഘവും ചെൽസിയെ സ്വന്തമാക്കുന്നത്. 2003ലാണ് റോമൻ അബ്രമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ടീം 21 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 5 പ്രീമിയർ ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.
യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് ചെൽസിയെ വിൽക്കാൻ റോമൻ അബ്രമോവിച്ച് തീരുമാനിച്ചത്. അബ്രമോവിച്ചിന്റെ സ്വത്തുക്കൾ യുകെ സർക്കാർ മരവിപ്പിച്ചിരുന്നു. ചെൽസിയുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം അബ്രമോവിച്ചിനു ഇപ്പോൾ ലഭിക്കില്ല. റഷ്യയുടെ യുദ്ധത്തിൽ തകർന്ന യുക്രൈനിലെ മാനുഷിക പ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിക്കും.